ഉത്തർപ്രദേശ് സർക്കാരിൻ്റെ യു.പി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ സുപ്രീംകോടി നിരന്തരം താക്കീത് നൽകുന്നതിനിടയിൽ അസമിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ ഇടിച്ചു നിരത്തി ഭരണകൂടം. 150 വീടുകളാണ് പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ തകർത്തത്. ബംഗ്ലാദേശികളെന്നും ‘ഭൂമി ജിഹാദ്’ (Land Jihad) എന്നും ആരോപിച്ചാണ് നടപടി. കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിൽ 387 വീടുകളാണ് മണ്ണോട് ചേർന്നത്.
പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുടി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കാംരൂപ് ജില്ലയിലെ കച്ചുതാലിയിൽ പോലീസ് വെടിവയ്പ്പുണ്ടാവുകയും രണ്ട് ഗ്രാമീണർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷം നിർത്തിവച്ച പൊളിക്കൽ നടപടികളാണ് വീണ്ടും ആരംഭിച്ചത്. സെപ്റ്റംബർ ഒമ്പതിനാണ് ജില്ലാ ഭരണകൂടവും പോലീസും ബുൾഡോസറുമായി ആദ്യം പ്രദേശത്ത് എത്തിയത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. നാലാംദിനവും നടപടി തുടർന്നതോടെ സംഘർഷമുണ്ടാവുകയായിരുന്നു. ജനങ്ങൾ മൂർച്ചയുള്ള ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചതിനെ തുടർന്നാണ് വെടിവയ്ച്ചതെന്നാണ് പോലീസ് പറയുന്നത്.
മുസ്ലിങ്ങളാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗം ആളുകളുകളും. ഈ പ്രദേശം ദക്ഷിണ കാംരൂപിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആദിവാസി മേഖലയുടെ കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ആരംഭിച്ചത്. ഗോത്ര മേഖലകളിലെയും ബ്ലോക്കുകളിലെയും ഭൂമി വിൽപന, വാങ്ങൽ, പാട്ടത്തിന് നൽകൽ എന്നിവ പട്ടികവർഗങ്ങൾ, പട്ടികജാതിക്കാർ, സന്താളുകൾ, തേയിലത്തോട്ടത്തിലെ ഗോത്ര വിഭാഗങ്ങൾ, ഗൂർഖകൾ എന്നിവർ ഉൾപ്പെടുന്ന സംരക്ഷിത വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
സർക്കാരിൻ്റെ ആരോപണങ്ങളെ പ്രദേശവാസികൾ പൂർണമായും തള്ളി. ”ഞങ്ങളിൽ പലരും 20 വർഷത്തോളമായി ഇവിടെയുണ്ട്. ഞങ്ങളാരും ഇവിടെ ഭൂമി കയ്യേറിയിട്ടില്ല. അത് വാങ്ങിയതാണ്. എന്നിട്ടും ഞങ്ങളെ ബംഗ്ലാദേശി പൗരന്മാർ എന്ന് വിളിക്കുന്നു. മോറിഗാവ് ജില്ലയിലെ ഗഗൽമാരിയിൽ നദിയുടെ മണ്ണൊലിപ്പ് മൂലമുണ്ടായ നാശം കാരണം കുടുംബം ഇങ്ങോട്ട് താമസം മാറ്റി. മൊറിഗാവിലെ ഒരേ മേഖലയിൽ നിന്നും എത്തിയവരാണ് ഇവിടെയുള്ള മിക്ക കുടുംബങ്ങളും”- പ്രദേശവാസിയായ 60 കാരനായ അലി ഹുസൈൻ പറഞ്ഞു.
പ്രദേശവാസികൾ നടപടിക്കെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെടുന്നതിനുമുമ്പ് 1920കളിൽ തങ്ങൾക്ക് പട്ടയം നൽകിയിരുന്നുവെന്ന് അവകാശപ്പെട്ട് 49 പേരാണ് ഒഴിപ്പിക്കൽ ഉത്തരവിനെ ചോദ്യം ചെയ്തു ഹർജി സമർപ്പിച്ചിരിക്കുന്നത്.