തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ തൊഴിലാളി ജോയിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കുടുംബത്തിലെ ആളുകളും ഒപ്പം ജോലി ചെയ്തിരുന്നവരും വന്ന് മൃതദേഹം സ്ഥിരീകരിക്കണം. അതിനുശേഷം മറ്റു നടപടികളിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മറ്റു നടപടികളെല്ലാം വേഗത്തിലാക്കുമെന്ന് മേയര്‍ പറഞ്ഞു.
മാലിന്യം കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ നഗരസഭ 17 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വിഷറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ പ്ലാസ്റ്റിക് വിഷറിന്റെ അവിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മഴ പെയ്തപ്പോള്‍ ശക്തമായ ഒഴുക്ക് ടണലിന്റെ ഉള്ളിലൂടെ വെള്ളം പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഒബ്‌സര്‍വേഷന്‍ ടീമിനെ പവര്‍ഹൗസ് റോഡില്‍ കനാലിന്റെ ഡൗണ്‍ സ്ട്രീമിലേക്ക് പോസ്റ്റ് ചെയ്തിരുന്നു.
കൂടാതെ നഗരസഭയുടെ തോട് കടന്നുപോകുന്ന വാര്‍ഡുകളിലെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ രണ്ട് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉടന്‍ തന്നെ ചെയ്യും. നഗരസഭയുടെ ചുമതലയില്‍പ്പെടുന്ന കാര്യങ്ങളെല്ലാം ഇന്നുതന്നെ നോട്ടീസായി റെയില്‍വേയെ അറിയിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.