വാഷിങ്ടൻ: ‘ബാക്ക് പാക്കര്‍ അരുണിമ’ എന്ന ട്രാവല്‍ വ്ലോഗർ ഇപ്പോൾ മലയാളികൾക്ക് ഇടയിൽ വളരെയേറെ സുപരിചിത ആണ്. യുഎസിൽ നേരിടേണ്ടി വന്ന ദുരനുഭവം ഇന്‍സറ്റഗ്രാം, യുട്യൂബ് ചാനലുകളിലുടെ പങ്കുവച്ചിരിക്കുകയാണ് അരുണിമ. യുഎസിൽ താന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് അർധരാത്രി 12 മണിക്ക് തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നത്. സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അരുണിമ പറയുന്നു. മഴയത്ത്, 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ വിഡിയോയിൽ പറയുന്നു. രണ്ടു ദിവസം മുൻപാണ് അരുണിമ സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

‘‘രണ്ടു ദിവസമായി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. യുഎസിലെത്തിയ എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് വിളിച്ചതും അയാളായിരുന്നു. അയാളുടെ മക്കളും മക്കളുടെ മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അയാള്‍ തന്നെ വലിഞ്ഞ് കയറി വന്ന് താമസിക്കുന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. പക്ഷേ അത് എനിക്കറില്ലായിരുന്നു. എന്നോട് വന്ന് സ്നേഹത്തോടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്ന് താമസിച്ചു. എന്‍റെ വിഡിയോകള്‍ കാണുന്നവര്‍ക്ക് അറിയാം എന്നെ സ്നേഹത്തോടെ വിളിക്കുന്നവരുടെ വീടുകളില്‍ ഞാന്‍ താമസിക്കാറുണ്ട്. അമേരിക്കയില്‍ വന്ന് രണ്ടാമത്തെ ദിവസമാണ് ഇന്ന് . രണ്ടാമത്തെ ദിവസം തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നെ എയര്‍പോര്‍ട്ടില്‍നിന്നു കൂട്ടിയതും ന്യൂയോര്‍ക്ക് സിറ്റി കറക്കിയതുമൊക്കെ അയാളായിരുന്നു. ഭയങ്കര പാവമായിരുന്നു, എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷേ ആളുടെ മക്കളും കൊച്ചുമക്കളും അയാളെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെയല്ല.’’ – അരുണിമ പറയുന്നു.
‘‘ചിലപ്പോള്‍ അമേരിക്കയിലെ കള്‍ച്ചര്‍ അങ്ങനെയായിരിക്കും. ഇവിടെ ജനിച്ചുവളര്‍ന്ന മലയാളികളുടെ കള്‍ച്ചറും അങ്ങനെയായിരിക്കും. എന്നെ ഇറക്കിവിട്ടതിലല്ല എനിക്ക് വിഷമം. ആ പുള്ളിക്കാരന്‍ അത്ര സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചിരുന്നത്. 70 വയസ്സ് ആൾ എന്നെ ന്യൂയോര്‍ക്ക് എല്ലാം കറക്കാന്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റക്ക് പോയിക്കോളാം എന്ന് പറഞ്ഞിട്ടും എന്‍റെ കൂടെ വന്നു. സ്വന്തം മകളുടെ വീട്ടില്‍ ഇങ്ങനെയാണ് ആള് നിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാല് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ്. ഞാന്‍ യുഎസില്‍ വരുന്നതിന് മുന്‍പേ വീസ കൊടുക്ക്, എന്നാ യുഎസിലേക്ക് വരുന്നതെന്ന് പറഞ്ഞ് വിളിക്കുന്ന ഒരു പാവം പുള്ളിയായിരുന്നു. സ്വന്തം കൊച്ചുമക്കള്‍ അച്ഛാച്ഛനോട് ഇങ്ങനെയാണ് കാണിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഇവിടെ മഴയാണ്. ഞാന്‍ നടുറോഡില്‍ നിക്കുകയാണ്. ഇവിടെ ആണെങ്കില്‍ 6 ഡിഗ്രിയാണ് തണുപ്പ്.’’ – അരുണിമ പറയുന്നു.

