അഴിമതിക്കേസില്‍ അനുകൂല റിപ്പോര്‍ട്ട് എഴുതാന്‍ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൻ്റെ (എൻസിഎൽ) മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ജോയ് ജോസഫ് ദാംലെയെ സിബിഐ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സിബിഐ ഉദ്യോഗസ്ഥന്‍ കുടുങ്ങിയത്. കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള ‘മിനി രത്‌ന’ കമ്പനിയാണ് എൻസിഎൽ.
എൻസിഎൽ സിഎംഡിയുടെ മാനേജരും സെക്രട്ടറിയുമായ സുബേദാർ ഓജ, സംഗം എഞ്ചിനീയറിംഗ് ഡയറക്ടര്‍ രവിശങ്കർ സിംഗ്, എൻസിഎൽ അഡ്മിനിസ്ട്രേഷൻ ചീഫ് മാനേജർറിട്ട. കേണൽ ബസന്ത് കുമാർ സിംഗ് എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് എതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസും എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുപി നോയിഡ, സിങ്ഗ്രൗളി, ജബൽപൂരില്‍ എന്നിവിടങ്ങളിലും സിബിഐ കഴിഞ്ഞ ദിവസം റെയ്ഡും നടത്തിയിട്ടുണ്ട്. റെയഡില്‍ ഡിജിറ്റൽ ഉപകരണങ്ങളും വിവിധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
“സുബേദാർ ഓജയുടെ വസതിയിൽ നിന്ന് 3.85 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത ഈ തുക എൻസിഎല്‍ സിങ്‌ഗ്രൗലിയിലെ കരാറുകാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും കൈക്കൂലിയായി ഓജ വാങ്ങിയതാണ്. കൈക്കൂലിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു രവിശങ്കർ സിംഗ്. ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സിബിഐ ഡെപ്യൂട്ടി സൂപ്രണ്ടിന് വേണ്ടിയും പണം പിരിച്ചു. സുബേദാർ ഓജ നല്‍കിയ പണം രവിശങ്കറിൻ്റെ മറ്റൊരു സഹപ്രവർത്തകനായ ദിവേഷ് സിംഗിന് കൈമാറി. ദാംലെയ്ക്ക് അഞ്ച് ലക്ഷം രൂപ കൈക്കൂലി നൽകുന്നതിനിടെയാണ് ദിവേഷ് സിംഗ് പിടിയിലായത്.” – സിബിഐ വ്യക്തമാക്കി.