തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അഭിജിത് കസ്റ്റഡിയില്‍.
ഇന്ദുജയുടെ അച്ഛൻ മരണത്തില്‍ ദുരൂഹത ആരോപിച്ചു പൊലീസില്‍ പരാതി നല്‍യിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുക്കുന്നത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
നേരത്തെ, മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പാലോട് – ഇടിഞ്ഞാർ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.