Kerala
ഭാര്യയെ കാണാൻ പോകാനായി ബസ് മോഷ്ടിച്ചു; പൊലീസ് വലയിൽ കുടങ്ങി
ഭാര്യയെ കാണാൻ പോകാനായി ബസ് മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ ദുർഗയ്യയാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വെങ്കട്ടപുരം ഗ്രാമത്തിലാണ് ദുർഗയ്യയും കുടുംബവും ജീവിക്കുന്നത്. ജോലി സംബന്ധമായി കുറച്ചു നാളുകളായി പുറത്തായിരുന്ന ദുർഗയ്യ അടുത്തിടെയാണ് വീട്ടിൽ മടങ്ങി എത്തിയത്. വീട്ടിൽ എത്തിയപ്പോഴാണ് ഭാര്യ തന്റെ ഗ്രാമമായ മുച്ചുമാരിയിലേക്ക് പോയതായി അറിഞ്ഞത്. അവിടേക്ക് പോകാനായി ദുർഗയ്യയുടെ പക്കൽ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ്ആന്ധ്ര സർക്കാരിന്റെ ബസ് മോഷ്ടിക്കാൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
അട്മാക്കർ ബസ് സ്റ്റാൻഡിലേക്ക് പോയ ദുർഗയ്യ, അവിടെ പാർക്ക് ചെയ്തിരിക്കുന്ന ഒരു ബസ് കണ്ടു. ബസിന്റെ താക്കോലും അതിനകത്ത് ഉണ്ടായിരുന്നു. ബസിൽ ഡ്രൈവർ ഇല്ലെന്ന് മനസിലായതോടെ ഓടിച്ച് മുച്ചുമാരിയിലേക്ക് പോയി. ബസ് കാണാതായതോടെ ഡ്രൈവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നും ദുർഗയ്യ ബസ് ഓടിച്ചു പോകുന്നത് കണ്ടെത്തി. ഉടൻ തന്നെ മുച്ചുമാരി പൊലീസിനെ വിവരം അറിയിക്കുകയും ദുർഗയ്യ അവിടെ എത്തിയതും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.