Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. സമാനമായ കേസുകളിൽ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിയായിട്ടുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. അരവിന്ദ്, ചന്ദ്രലാൽ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് ബൈക്കിൽ കടത്തി കൊണ്ടുപോയത്. മാരാരിക്കുളം പൊലീസ്, അടൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണത്തിൽ പെൺകുട്ടി അടൂർ ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അരവിന്ദ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ കേസിലും ചന്ദ്രലാൽ, അടൂർ പൊലീസ് സ്റ്റേഷനിലെ സമാനമായ നിരവധി കേസുകളിലും പ്രതിയാണ്. ജിത്തു തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളും കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയയാളുമാണ്.
മാരാരിക്കുളം പൊലീസ് ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ കെ ആർ ബിജു, സബ് ഇൻസ്പെക്ടർമാരായ ജോമോൻ, രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം കുമാർ, അനീഷ്, ആശമോൾ, അഞ്ജു എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.