ബംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കമ്പനിയുടെ അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി. ബംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്.
കമ്പനി അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.