കൊടുങ്ങല്ലൂർ: 10ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് ആഘോഷിക്കാനായി വിദ്യാർത്ഥികളുടെ കൈയിൽ നിന്നും പിരിവ് വാങ്ങി മദ്യം വാങ്ങി നൽകിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അഭിജിത്ത് (19), ചാപ്പാറ സ്വദേശി പടിഞ്ഞാറേ വീട്ടിൽ അമർനാഥ് (18) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സ്കൂൾ അധികൃതർ കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. ഇതോടെ രക്ഷിതാക്കൾക്ക് വിവരം നൽകി. രക്ഷിതാക്കൾക്കൊപ്പം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ ബിവറേജിൽനിന്ന് മദ്യം വാങ്ങി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നൽകി കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു.

