Kerala
കുടിവെള്ളം ചോദിച്ചെത്തുന്നവരെ സൂക്ഷിക്കുക; വനിതാ മോഷ്ടാവ് പിടിയിൽ
കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിലായി. തമിഴ്നാട് അതിർത്തിയിലെ ഊരമ്പ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യയെ (31) ആണ് വെള്ളറട പോലീസ് പിടികൂടിയത്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായംചെന്ന വനിതകളെ നോക്കി വച്ച ശേഷം മാല കവരുന്ന സംഘത്തിലെ പ്രധാനിയാണ് സുകന്യ.
വെള്ളറടയിലെ രണ്ടിടങ്ങളിലായി നടത്തിയ മോഷണമാണ് പ്രതിയെ കുടുക്കിയത്. കുന്നത്തുകാലിൽ ഡാളി ക്രിസ്റ്റലിൻ്റെ(62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട്പവന്‍ മാല ഇവർ കവർന്നിരുന്നു. കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ(84) മൂന്ന് പവന്‍ മാലകവര്‍ന്ന കേസിലും പ്രതിയാണ് പിടിയിലായ തമിഴ്നാട് സ്വദേശി.
വെള്ളറട സിഐ പ്രസാദ്, എസ്ഐമാരായ റസല്‍രാജ്, ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസർമാരായ ഷീബ, അശ്വതി, രാജേഷ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ നാടകീയമായി പിടികൂടിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.