കൊച്ചി കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട(Heroine). 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന് അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ് (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും കാലടി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാലടി ബസ് സ്റ്റാന്റിന്റെ പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസമിലെ ഹിമാപൂരില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് കാലടിയിലെത്തിയത്. പോലീസ് പിടികൂടാതിരിക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്.
ഒമ്പതു സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. പത്ത് ഗ്രാം 150 ഡപ്പികളിലാക്കിയാണ് വില്‍പ്പന. ഒരു ഡപ്പിക്ക് 2,500- 3,000 നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. എറണാകുളം ജില്ലയിലേക്ക് ഹെറോയിന്‍ എത്തിക്കുന്ന പ്രധാന സംഘമാണ് പിടിയിലായത്.