മുംബൈ: സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന് പിടിയില്‍. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂള്‍ വിട്ടു പോയ കുട്ടി തര്‍ക്കമുണ്ടായിരുന്ന സുഹൃത്തിന്റെ പേരില്‍ എക്സിലുണ്ടാക്കിയ വ്യാജ അക്കൗണ്ടു വഴിയാണ് ഭീഷണി മുഴക്കിയത്.
കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്യുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 19 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ മുംബൈ പൊലീസ് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി പൊലീസും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച് സാമൂഹിക മാധ്യത്തിലൂടെ നാല് വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി മുഴക്കിയത്. അതില്‍ മൂന്നെണ്ണം അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു.