ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു. താരിഖ് അൻവർ,ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്. അഞ്ച് സുരക്ഷാസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വെടിവെയ്പ്പിൽ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. ഇനിയും തീവ്രവാദികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അഞ്ച് ഭീകരരെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഹിരാനഗർ സബ്ഡിവിഷനിലെ വന മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.ജാഖോലെ ഗ്രാമത്തിന് സമീപം ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
കരസേന, ദേശീയ സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, പൊലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പൊലീസ് തുടങ്ങിയ സേനാംഗങ്ങൾ സംയുക്തമായി കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു.

