Kerala

‘ഷിരൂരിൽ കൂടുതൽ സഹായം എത്തിക്കണം’- കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഷിരൂർ രക്ഷാ ദൗത്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൾ വിദ​ഗ്ധരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേവിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിക്കണം. സതേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളിൽ നിന്നു മുങ്ങൽ വിദ​ഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം കർണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വിദ​ഗ്ധരും ഉപകരണങ്ങളും രക്ഷാ ദൗത്യത്തെ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള പതിനൊന്നാം ദിവസത്തെ തിരച്ചിലും വിഫലം. അർജുനായുള്ള ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച രാവിലെ തിരച്ചിൽ തുടരും. പ്രതികൂലമായ കാലാവസ്ഥയാണ് ദൗത്യത്തിനു കനത്ത വെല്ലുവിളിയായി നിൽക്കുന്നത്.

അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നു അദ്ദേഹം വ്യക്തമാക്കി. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുകയാണ്. തിരച്ചിൽ ദിവസങ്ങളോളം നീളുമോയെന്ന ആശങ്കയുണ്ട്.

നിലവിൽ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനാകൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്ത് പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top