ഷിരൂര്‍: അര്‍ജുന്റെ മൃതദേഹം കണ്ടുകിട്ടിയതില്‍ വലിയ ആശ്വാസമുണ്ടെന്ന് സഹോദരന്‍ അഭിജിത്ത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും ഓര്‍മകളിലേക്കെങ്കിലും എട്ടനെ കിട്ടിയല്ലോ എന്നും അഭിജിത്ത് പറഞ്ഞു. അവസാനമായിട്ടാണെങ്കിലും ഏട്ടനെയും കൊണ്ട് നാട്ടിലേക്ക് പോകണം. ഇന്നലെ പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് ലോറി കിട്ടിയത്. ജൂലൈ 16 മുതല്‍ ഷിരൂരിലുണ്ടെന്നും അഭിജിത്ത് പറഞ്ഞു.
അതേസമയം മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്ന അര്‍പ്പണബോധം തന്നില്‍ ഉണ്ടായിരുന്നുവെന്നും ജിതിന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
‘അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയുമെല്ലാം പറഞ്ഞിരുന്നു. അര്‍ജുന്‍ എനിക്ക് ഒരു അളിയന്‍ മാത്രമായിരുന്നില്ല. ഞങ്ങള്‍ക്ക് എന്ത് പ്രശ്നം വന്നാലും ആദ്യം ഓടിയെത്തിയിരുന്നത് അര്‍ജുനാണ്. മൂന്നാംഘട്ട തിരച്ചിലിലാണ് ഞങ്ങള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നത്. തിരച്ചിലിന്റെ ഘട്ടങ്ങളിലെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തിയ ആളാണ് എ കെ എം അഷ്റഫ് എംഎല്‍എ. എം കെ രാഘവനും ഒരുപാട് ഒപ്പം നിന്നു.’ ഈശ്വര്‍ മാല്‍പെ വലിയ ധൈര്യമാണ് തന്നതെന്നും ജിതിന്‍ പറഞ്ഞു.