കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള കരയിലെ തിരച്ചില്‍ അവസാനിപ്പിച്ചു. ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. നദീ തീരത്ത് ലഭിച്ച റഡാര്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളില്‍ ലോറി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചിരുന്നു. അര്‍ജുന്റെ മൊബൈല്‍ സിഗ്‌നല്‍ ലഭിച്ച അതേ ഭാഗത്തായിരുന്നു സിഗനല്‍ ലഭിച്ചത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതോടെ കരയിലെ തിരച്ചിലിനൊപ്പം ഗംഗാവലി നദിയിലേക്ക് പരിശോധന സജീവമാക്കി. നദിയില്‍ അടിഞ്ഞ മണ്‍കൂനകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ് സൈന്യമിപ്പോള്‍. അതിനിടെ ദുരന്തത്തില്‍ നദിയില്‍ വീണ മറ്റൊരു എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ കരയ്‌ക്കെത്തിച്ചു. മണ്ണിടിച്ചിലില്‍ കാണാതായ ടാങ്കര്‍ 7 കിലോമീറ്റര്‍ മാറിയാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്‌ക്കെത്തിച്ചത്.
ഷിരൂരിലെ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഗംഗാവലി നദിയിലെ ജലനിരപ്പ് ഉയരുന്നതാണ് തിരച്ചിലിനെ ബാധിക്കുന്നത്. വൈകുന്നേരം ആറരയോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിക്കും.