Kerala

അര്‍ജുന്റെ ലോറി മണ്ണിനടിയിലോ; സിഗ്നല്‍ രണ്ടിടത്ത് നിന്നും; അതിവേഗത്തില്‍ മണ്ണ് നീക്കം

Posted on

കര്‍ണാടക ഷിരൂരില്‍ ലോറിയോടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പുരോഗതി ദൃശ്യമായതായി സൂചന. ‘ഡീപ് സെർച്ച് ഡിറ്റക്ടർ’ ഉപയോഗിച്ച് കരയില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്നും സിഗ്നല്‍ ലഭിച്ചതായാണ് സൂചന. സിഗ്നല്‍ ലഭിച്ചതോടെ കരയിലെ പരിശോധന കഴിഞ്ഞ ശേഷം മാത്രം ഗംഗാവതി പുഴയില്‍ തിരഞ്ഞാല്‍ മതിയെന്നാണ് തീരുമാനം.

സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഇപ്പോള്‍ മണ്ണ് നീക്കികൊണ്ടിരിക്കുകയാണ്. റോഡിലെ മണ്ണില്‍ ലോറി അകപ്പെട്ടിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. പക്ഷെ ഒരു ശതമാനം സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ ഒരു ശതമാനം സാധ്യത മാത്രം മുന്നില്‍ കണ്ടാണ്‌ പരിശോധന എന്നാണ് കളക്ടറുടെ പ്രതികരണം. എന്തായാലും മണ്ണ് നീക്കം അതിവേഗം പുരോഗമിക്കുകയാണ്. കര, നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് തിരച്ചിലില്‍ ഉള്ളത്.

അര്‍ജുന് വേണ്ടിയുള്ള അന്വേഷണം ഇന്ന് ഏഴാം ദിവസമാണ് തുടരുന്നത്. ഉച്ചയോടെ കരയില്‍ ലോറി ഉണ്ടെന്നു കരുതുന്ന ഭാഗത്തെ മണ്ണ് പൂര്‍ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.

പുഴയിലെ തിരച്ചില്‍ ആണെങ്കില്‍ ഗംഗാവതി പുഴയില്‍ ഈ ഭാഗത്ത് നാല്പത് അടിയോളം ആഴമുണ്ട്. ശക്തമായ മഴയും ഒഴുക്കുമുണ്ട്. ഇതെല്ലാം തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്കയുണ്ട്. മലയുടെ വലിയ ഭാഗം ഒഴുകി പുഴയിലാണ് എത്തിയത്. ലോറി പുഴയില്‍ ഉണ്ടെങ്കില്‍ത്തന്നെ കണ്ടെത്തല്‍ എത്രത്തോളം സാധ്യമാകുമെന്ന ചോദ്യവുമുണ്ട്.

ജൂലായ് 16-ന് രാവിലെയാണ് കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version