Kerala
അർജുനായുള്ള തിരച്ചിലിനെത്തിയ ഈശ്വർ മൽപെയെ പോലീസ് തടഞ്ഞു; അനീതിയെന്ന് കാണാതായ ജഗന്നാഥൻ്റെ മകൾ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്താനെത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെയെ പോലീസ് തടഞ്ഞു. അനുമതിയില്ലാതെ ദൗത്യം തുടരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗംഗാവലിപുഴയില്‍ ഇറങ്ങിയ മൽപെയെ പോലീസ് സംഘം കരയ്ക്ക് കയറ്റി.
പ്രതികൂല കാലാവസ്ഥ ആയതിനാൽ ഇന്നലെ എൻഡിആർഎഫ് സംഘവും നേവിയും താല്ക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഗോവയിൽനിന്ന് വലിയ ഡ്രഡ്‌ജർ എത്തിച്ച് പുഴയിൽനിന്ന് മണ്ണുമാറ്റിയാവും തിരച്ചിൽ പുനരാരംഭിക്കുക. ഈ മാസം 22ന് ഡ്രഡ്ജർ എത്തുമെന്നാണ് പ്രതീക്ഷ. ജൂലൈ16 നുണ്ടായ മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയിൽ വീണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതാകുന്നത്.
കാണാതായ ജഗന്നാഥന്‍ എന്നയാളുടെ കുടുംബവും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമാധാനപരമായ സമരത്തിലേക്ക് നീങ്ങുമെന്ന് ജഗന്നാഥന്റെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരച്ചിൽ തുടരാൻ അനുവദിക്കാത്തത് അനീതിയാണെന്ന് ജഗന്നാഥിന്റെ മകള്‍ കൃതിക പറഞ്ഞു.