Kerala
ഗംഗാവലിയിൽ ഒഴുക്ക് കുറഞ്ഞത് പ്രതീക്ഷയെന്ന് ജിതിൻ, സോണാർ പരിശോധന മാത്രം പോരെന്ന് അർജുന്റെ സഹോദരി
ബെംഗളൂരു: ഗംഗാവലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുമ്പോൾ അർജുനെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്ക് വെച്ച് സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും.
പുഴയിലെ കുത്തൊഴുക്ക് മൂന്ന് നോട്ടിലെക്ക് താഴ്ന്നിട്ടുണ്ടെന്നും ജലനിരപ്പിലും വലിയ കുറവുണ്ടെന്നുമാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് ജിതിൻ പറഞ്ഞു. നാവിക സേന ഒമ്പത് മണിയോടെ എത്തുമെന്നും സോണാർ പരിശോധന നടത്തി സ്കൂബ ഡൈവിങ് നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചതായും ജിതിൻ വ്യക്തമാക്കി. നേരത്തെ പുഴയിലെ കുത്തൊഴുക്ക് ആറ് നോട്ടിലും കൂടുതലായിരുന്നതിനാൽ പുഴയിലിറങ്ങിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
ഗംഗാവലിയിൽ ജലനിരപ്പ് നന്നേ കുറഞ്ഞ് പത്തോളം മൺതിട്ടകൾ കാണാൻ പറ്റുന്നുണ്ടെന്നും മഴ ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അർജുനെ കണ്ടെത്താൻ ഇത് ഒരു ഗോൾഡൻ ചാൻസാണെന്നും ജിതിൻ പറഞ്ഞു. ന്യൂന മർദ്ദ പാത്തി രൂപപെടുന്നതിന് മുന്നേയും പശ്ചിമ ഘട്ടത്തിൽ മഴ പെയ്തു തുടങ്ങുന്നതിന് മുന്നേയും പരിശോധന പൂർത്തിയാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രെയ്നും സോണാർ ഉപകരണങ്ങളും മാത്രമുപ്രയോഗിച്ച് തിരച്ചിൽ നടത്തുന്നത് ശ്രമകരമാണെന്നും ഡ്രഡ്ജർ അടക്കമുള്ള നൂതന സംവിധാനങ്ങൾ കൊണ്ട് വന്ന് രക്ഷാപ്രവർത്തനം എളുപ്പമാക്കണെമെന്നാണ് അർജുന്റെ സഹോദരിയുടെ ആവശ്യം. സംഭവം നടന്നിട്ട് ഒരു മാസം കഴിയുമ്പോൾ തിരച്ചിൽ ഇനി എങ്ങനെയാവും എന്നതിൽ ആശങ്കയുണ്ടെന്നും അർജുന്റെ സഹോദരി പറഞ്ഞു.