തിരുവനന്തപുരം: രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയുമായി ബന്ധപ്പെട്ട അവലോകനയോഗം ഇന്ന് നടക്കും. സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ കൂടി ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം. രാജ്ഭവന്റെയും സിആര്‍പിഎഫിലേയും ഉദ്യോഗസ്ഥര്‍ മാത്രമാകും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.
അവലോകനയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂചിപ്പിക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയില്‍ പൊലീസും കേന്ദ്രസേനയും എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് യോഗത്തില്‍ തീരുമാനമായേക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.