Kerala

ഗവർണർ ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എൽഡിഎഫ്

തിരുവനന്തപുരം: ഗവർണർ ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എൽഡിഎഫ്. രാജ്ഭവന് മുൻപിൽ കുടിൽ കെട്ടി സമരം നടത്താനുള്ള തയാറെടുപ്പിലാണ് ഇടുക്കിയിലെ എൽഡിഎഫ് നേതൃത്വം. ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർ നിയമ ഭേദഗതിയെ എതിർക്കുന്നത് പരിസ്ഥിതി സംഘടനകളിൽ നിന്നും പണം വാങ്ങിയാണെന്നും സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

ബില്ല് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് ഇവർ ആവശ്യമുന്നയിക്കുന്നത്. ബില്ലിനെ എംപി അടക്കം എതിർക്കുന്നത് പരിസ്ഥിതി സംഘടനകളിൽ നിന്നും പണം പറ്റി. ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് എംഎൽഎ മാരെയും തള്ളിപ്പറയാൻ വെല്ലുവിളിക്കുന്നു. എതിർക്കുന്നവരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഡീനിന്റെ ബി ടീമുമെന്നും വിമർശനം.

സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്. സർക്കാരുമായുള്ള പോര് രൂക്ഷമായതിനാൽ ഗവർണർ ഇതുവരെ ബില്ലിൽ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തി. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് രാജ് ഭവനു മുന്നിൽ കുടിൽ കെട്ടി സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും.

ഭേദഗതിയുമായി ബന്ധപ്പെട്ട് കിട്ടിയ പരാതികളിൽ സർക്കാർ വിശദീകരണം നൽകാത്തതിനാലാണ് ഒപ്പിടിത്തതെന്നാണ് ഗവർണർ വ്യക്തമാക്കിയത്. ഗവർണ‌ർക്ക് കിട്ടുന്ന പരാതി അദ്ദേഹത്തിന്റെ സംവിധാനം ഉപയോഗിച്ചാണ് അന്വേഷിക്കേണ്ടതെന്നാണ് എൽഡിഎഫ് നിലപാട്. ആദ്യം ഭേദഗതിയെ അനുകൂലിച്ചവർ പരിസ്ഥിതി സംഘനടകളിൽ നിന്നും പണം വാങ്ങിയാണിപ്പോൾ എതിർക്കുന്നതെന്നാണ് സിപിഎം നിലപാട്. അതേ സമയം നിയമ ഭേദഗതിക്കെതിരെ യുഡിഎഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top