തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാവും. നയം പറയാന്‍ മടിച്ച ഗവര്‍ണറെ സഭയില്‍ ശക്തമായി വിമര്‍ശിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണറുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍ എതിര്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സര്‍ക്കാരിനെതിരെയും സര്‍ക്കാര്‍- ഗവര്‍ണ്ണര്‍ ഒത്തുകളി നടക്കുകയാണെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉയര്‍ത്തും. എക്‌സാലോജികുമായി ബന്ധപ്പെട്ട പ്രശ്‌നം, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം.
അവസാന ഖണ്ഡിക മാത്രം വായിച്ച് നയപ്രഖ്യാപനം ഗവര്‍ണര്‍ വെട്ടിച്ചുരുക്കി ആയിരുന്നു നിയമസഭാ സമ്മേളനത്തിന്റെ തുടക്കം. ഒരു മിനിറ്റില്‍ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമര്‍ശനമടക്കം ഉള്‍ക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാല്‍ മഞ്ഞുരുകാനുള്ള സാധ്യതയോ സൂചനപോലുമോ ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്.