കൊച്ചി :നീണ്ട ഇടവേളയ്ക്ക് ശേഷം ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി”യിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി അർച്ചന കവി. ഇപ്പോള്‍ തന്റെ പത്ത് വർഷത്തെ ഇടവേളയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മനഃപൂർവം സിനിമയിൽ നിന്നു വിട്ടുനിന്നതല്ലെന്നും തന്നെയാരും വിളിക്കാതിരുന്നതാണ് എന്നുമാണ് അർച്ചന പറഞ്ഞത്. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ പ്രസ് മീറ്റിലായിരുന്നു തുറന്നു പറച്ചിൽ.
ഞാൻ സിനിമയിൽ നിന്നു ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്. ഈ ചോദ്യം നിങ്ങൾ ഒരു ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മഹാ മണ്ടത്തരമാണ്. 2013നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ.- അർച്ചന കവി പറഞ്ഞു.
വ്യക്തിജീവിതത്തിൽ വന്ന പ്രശ്നങ്ങൾ നേരിടുമ്പോഴാണ് സംവിധായകൻ അഖിൽ പോൾ തന്നെ സമീപിച്ചത്. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ കഥയാണ് തന്നെ ആകർഷിച്ചതെന്നും അതുകൊണ്ടാണ് ചെറുതെങ്കിലും ആ കഥാപാത്രം ചെയ്തതെന്നും അർച്ചന കവി വ്യക്തമാക്കി. അഖിലിനെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞത് – കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ല, തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിക്കാം എന്നാണ്. അങ്ങനെ തന്നെയാണ് ചെയ്തതും. ഈ സിനിമയിൽ അഭിനയിച്ച ഓരോരുത്തരോടും എനിക്ക് വലിയ ബഹുമാനമാണ്. എല്ലാവരും വലിയ പിന്തുണയാണ് തന്നത്. ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത പടമാണ് ഇത്. ഇത്രയും വർഷം ആയെങ്കിലും എന്റെ ശബ്ദം ഒരിക്കലും കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടില്ല. സംവിധായകർ പറഞ്ഞിട്ടു തന്നെയാണ് അങ്ങനെ ചെയ്തത്. ഇതൊരു വലിയ സൗഹൃദ കൂട്ടായ്മയായിരുന്നു. എനിക്ക് വളരെ വലിയ ഊർജം ആണ് ഈ സിനിമയിൽ നിന്ന് കിട്ടിയത്.- താരം കൂട്ടിച്ചേർത്തു.