Tech
ഐ ഫോൺ 16 സീരിസ് വാങ്ങുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധം; ആപ്പിളിനെ ഇന്തോനേഷ്യ പുറത്താക്കി
ആപ്പിളിന്റെ ഐ ഫോൺ 16 സീരീസ് വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത ഔദ്യോഗികമായി വിലക്കിൻ്റെ കാര്യം പ്രഖ്യാപിച്ചു. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐഎംഇഐ) സർട്ടിഫിക്കേഷൻ കിട്ടാത്തതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഈ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോണ്‍ 16 ഇന്തോനേഷ്യയിൽ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. നിരവധി കാരണങ്ങളാണ് ഇന്‍ഡോനീഷ്യയിലെ ഐ ഫോൺ 16 നിരോധനത്തിനുപിന്നിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് നടപടിക്ക് പിന്നിലെ മറ്റൊരു കാരണം. പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾക്കായി ഏകദേശം 919 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അത് പൂർണമായും പാലിക്കാൻ ആപ്പിളിനായിരുന്നില്ല. ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. ആപ്പിൾ ഫോണുകൾക്ക് ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നായിരുന്നു മന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.