തിരുവനന്തപുരം: പി വി അൻവറിന്റെയും ഡിഎംകെയുടെയും യുഡിഎഫ് പ്രവേശനം തള്ളാതെ കെ മുരളീധരൻ. അൻവറിന് മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും പാർട്ടി മുന്നണിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അൻവറിനെ സ്വീകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്, ഈ നിലപാടിനെ തള്ളാതെ കെ മുരളീധരൻ രംഗത്തുവന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനുള്ള ചർച്ചകൾ സജീവമായിരിക്കെ, 2026 ആരും അജണ്ട ആക്കിയിട്ടില്ല എന്നും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിൽ ലക്ഷ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
അധികം എടുത്തുചാടരുത് എന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണമെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. അനവസരത്തിലുളള ചർച്ചകൾ വേണ്ടെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ എന്നും എ കെ ആന്റണി പറഞ്ഞിരുന്നു.