Kerala
മതസ്പർദ്ധ വളര്‍ത്താന്‍ ശ്രമിച്ചു; അന്‍വറിനെതിരെ തൃശൂര്‍ പോലീസില്‍ പരാതി
പി.വി.അൻവർ എംഎൽഎ മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി. ഇടതുമുന്നണി പ്രവർത്തകൻ കെ.കേശവദേവാണ് തൃശൂർ സിറ്റി പോലീസിൽ പരാതി നൽകിയത്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിനെ വർഗീയവാദി, മുസ്ലിം വിരോധി എന്നിങ്ങനെ അന്‍വര്‍ ആക്ഷേപിച്ചു. ഇതുകൊണ്ട് മതപരമായ കണ്ണോടുകൂടി ആളുകള്‍ തന്നെയും കാണാന്‍ തുടങ്ങിയിട്ടുണ്ട്. അന്‍വറിന്റെ വിമര്‍ശനം കാരണം മോഹന്‍ദാസിന് അവമതിപ്പുണ്ടായി. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെയും ഇതേ മനോഭാവം വന്നിട്ടുണ്ട്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്നാണ് പരാതിയില്‍ ഉള്ളത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. “ഞാന്‍ അഞ്ചുനേരം നിസ്കരിക്കും. അത് അയാള്‍ക്ക് സഹിക്കില്ല. മോഹന്‍ദാസിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പക്കാ ആര്‍എസ്എസ് ആണവന്.”
“ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്ന ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജില്ലാ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍വെച്ച് ചവിട്ടാന്‍ എഴുന്നേറ്റിട്ട് പിടിച്ചുമാറ്റിയിട്ടുണ്ട്. നിന്റെ ആര്‍എസ്എസ് സ്വഭാവം വീട്ടില്‍ മതി, പാര്‍ട്ടി ഓഫീസില്വേണ്ടെന്ന് പറഞ്ഞു. അത്രത്തോളം ആര്‍എസ്എസ് വത്കൃതമനസുമായി നില്‍ക്കുകയാണ് മോഹന്‍ദാസ്.” അന്‍വര്‍ ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങളാണ് അന്‍വറിനെതിരായ പരാതിക്ക് കാരണമായത്.