മകള്‍ വീണയേയൊ മന്ത്രി മുഹമ്മദ് റിയാസിനേയോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ച് കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന് തയാറാകണമെന്ന് പിവി അന്‍വര്‍. ബീഹാറില്‍ ലാലു പ്രസാദ് യാദവ് രാജിവക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യക്കാണ് നല്‍കിയത്. ആ മാതൃക കേരളത്തിലും പിന്തുടരണം. വീണക്ക് വിദ്യാഭ്യാസമുളളതു കൊണ്ട് നന്നായി ഭരിക്കാന്‍ കഴിയും. ബാക്കി പാര്‍ട്ടിയും നോക്കിക്കോളും. അങ്ങനെയെങ്കിലും കേരളത്തെ രക്ഷിക്കണമെന്നും അന്‍വര്‍ പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് പി ശശിയേയും എഡിജിപി എംആര്‍ അജിത്കുമാറിനേയും ഭയമാണ്. എന്നാല്‍ സിപിഎം ആരെയാണ് ഭയക്കുന്നത്. മുഖ്യമന്ത്രിയെ ആണോ നേതൃത്വം ഭയക്കുന്നതെന്ന് വ്യക്തമാക്കണം. ഈ പോക്ക് ബംഗാളിലേയും ത്രിപുരയിലേയും മാതൃകയിലേക്കാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എല്ലാം ബോധ്യമായിട്ടുണ്ട്. മനസിലാകാത്തത് നേതൃത്വത്തിന് മാത്രമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും മുഖ്യമന്ത്രിയ തളളിപ്പറയില്ലെന്ന കെടി ജലീലിന്റെ പ്രസ്താവനയും അന്‍വര്‍ പരിഹസിച്ചു. ആരെങ്കിലും വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തിക്കാണും. ജീവനില്‍ ഭയമില്ലാത്തവരില്ല, അതുകൊണ്ടാണ് ജലീലില്‍ ഇങ്ങനെ പറയുന്നത്. ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് സ്വന്തം കാലില്‍ നില്ക്കാന് കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. ആരുടെ പിന്തുണയും തേടിയിട്ടില്ല. മലപ്പുറം ജില്ലയെ അപമാനിച്ചതില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.