Politics

മലയോര കര്‍ഷകരുടെ പ്രശ്നങ്ങളും ന്യൂനപക്ഷവേട്ടയും; അന്‍വര്‍ തീപ്പന്തമായാല്‍ ………….

മുഖ്യമന്ത്രിയെ വിമര്‍ശിച്ചും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞും സ്വതന്ത്രനാകുന്ന പിവി അന്‍വര്‍ സിപിഎമ്മിന് ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികള്‍ വലുതാണ്. ഇതിന്റെ സൂചനകള്‍ തന്നെയാണ് രണ്ടു ദിവസമായി അന്‍വര്‍ നല്‍കുന്നത്. സ്വര്‍ണക്കടത്തും എഡിജിപിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമൊക്കെയാണ് തര്‍ക്കത്തിന് കാരണമെങ്കിലും കടുത്ത നിലപാടിലേക്ക് കടന്ന ശേഷം അന്‍വര്‍ സൂചിപ്പിച്ച ഭാവി പരിപാടികള്‍ സിപിഎമ്മിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന വലിയ വിമര്‍ശനം അന്‍വര്‍ ഉയര്‍ത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ ന്യൂനപക്ഷക്കാര്‍ വേട്ടയാടുകയാണ്. ഇതിന് കാരണം പോലീസിലെ ആര്‍എസ്എസ് സ്വാധീനമെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. ഇത് കൃത്യമായ കണക്കുകൂട്ടലോടെ അന്‍വര്‍ നടത്തുന്ന നീക്കമാണ്. രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നാലും കൃത്യമായ ന്യൂനപക്ഷ സ്വാധീനമുള്ള നിലമ്പൂരിലെ വോട്ട് ഉറപ്പിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം 16 മണ്ഡലങ്ങളില്‍ ഇക്കാര്യം പ്രസംഗിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിനും സിപിഎമ്മിനും അന്‍വറിന്റെ ഈ നീക്കത്തെ ചെറുക്കുക എളുപ്പമല്ല. മാത്രമല്ല വര്‍ഷങ്ങളായുള്ള ശ്രമത്തിന്റെ ഫലമായി ന്യൂനപക്ഷത്തിന്റെഇടയില്‍ ലഭിച്ച ചെറിയ സ്വീകാര്യത പോലും നഷ്ടമാകുന്ന അവസ്ഥയുമാണ്.

പൗരത്വ ഭേദഗതി വിരുദ്ധ നിലപാടിലൂടെയാണ് സിപിഎം ന്യൂനപക്ഷത്തിന്റെ മനസിലേക്ക് ഇടം നേടിയത്. തുടര്‍ഭരണം എന്ന ചരിത്ര നേട്ടത്തിലും ഇത് വഹിച്ച് പങ്ക് ചെറുതല്ല. എന്നാല്‍ അന്നുണ്ടായിരുന്നു ആ സ്വാധീനം ഇന്ന് സിപിഎമ്മിന് മുസ്ലിം സമുദായത്തില്‍ ഇല്ല. അതേ വിഭാഗക്കാരനായ, ഇടതിനൊപ്പം നിന്ന അന്‍വര്‍ കൂടി ന്യൂനപക്ഷ വേട്ട ആരോപിക്കുമ്പോള്‍ ഇത് വലിയ ദോഷം ചെയ്യുമെന്ന് സിപിഎമ്മിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അന്‍വര്‍ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും പ്രകോപനം പരമാവധി ഒഴിവാക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രിയും കരുതല്‍ കാണിക്കുന്നത്.

മലയോര മേഖലയിലെ മനുഷ്യ വന്യമൃഗ സംഘര്‍ഷത്തില്‍ മലയോര കര്‍ഷക ജനതയുടെ സംരക്ഷണമാണ് അന്‍വര്‍ ഉന്നയിക്കുന്ന മറ്റൊരു വിഷയം. കാര്യക്ഷമമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്ന് കാലങ്ങളായി നില്‍ക്കുന്ന വിമര്‍ശനം അന്‍വര്‍ കൂടി ആളിക്കത്തിച്ചാല്‍ അത് വലിയ ദോഷം ചെയ്യും. ഇതുകൂടാതെ സോഷ്യമീഡിയയില്‍ സിപിഎം അനുകൂല ഇടങ്ങളില്‍ പോലും അന്‍വറിന് ലഭിക്കുന്ന പിന്തുണയും സിപിഎമ്മിന് തലവേദനയാകുന്നുണ്ട്. ഈ വിഷയത്തില്‍ മന്ത്രിമാരിടുന്ന പോസ്റ്റുകളില്‍ പോലും അന്‍വര്‍ അനുകൂലികള്‍ ആറാടുകയാണ്.

നിലവില്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നത് അന്‍വര്‍ ശത്രുവാണെന്ന് അണികളെ ആദ്യം ബോധ്യപ്പെടുത്താനാണ്. അതിന്റെ ഭാഗമായാണ് തെരുവില്‍ പ്രവര്‍ത്തകരേയും അണികളേയും ഇറക്കിയുള്ള പ്രതിഷേധവും കോലം കത്തിക്കലും. അതിനുശേഷം അന്‍വറിനെ നേരിടാനുള്ള വഴികള്‍ നോക്കാനാണ് സിപിഎം നീക്കം. വലിയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍ പോലും ഇല്ലാതിരുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അന്ന് ആ നേതാക്കളെ നേരിട്ട രീതി ഇന്ന് നടപ്പാക്കാനുളള ശേഷി പല തലങ്ങളിലും സിപിഎമ്മിന് കൈമോശം വന്നിരിക്കുന്നു എന്നതൊരു വസ്തുതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top