Politics
‘നിയമസഭയിൽ പറയാൻ കഴിയുമെന്ന് ഉറപ്പില്ല…’ അടുത്ത നീക്കം രാജിയിലേക്ക് എന്ന സൂചനയുമായി അൻവർ
എംഎൽഎ സ്ഥാനത്ത് ഉണ്ടാകില്ലെന്ന സൂചന നല്‍കി പിവി അൻവർ. നിലമ്പൂരിൽ വനം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് അടുത്ത നിയമസഭാ സമ്മേളത്തിന് മുമ്പ് രാജിവയ്ക്കും എന്ന രീതിയിലുള്ള പരാമർശങ്ങൾ ഇടതു എംഎൽഎ നടത്തിയത്. മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതിന് ഇടയിലാണ് അത്തരമൊരു സാധ്യതയുടെ സൂചനകൾ അൻവർ നൽകിയത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാനിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇനി സഭയിൽ സംസാരിക്കാൻ സാധിക്കുമോ എന്നതിൽ ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നതെന്നായിരുന്നു നിലമ്പൂർ എംഎൽഎ പ്രസംഗത്തിനിടയിൽ പറഞ്ഞത്.
അൻവറിൻ്റെ വാചകങ്ങൾ
“ഇപ്പോൾ ഫോറസ്റ്റിലെ ഉദ്യോഗസ്ഥർക്കൊന്നും കാര്യമായ പണിയില്ല. ഞാനീ കാര്യങ്ങളെല്ലാം ഈ നിയമസഭാ സമ്മേളനത്തിൽ പറയാനിരുന്നതാണ്. ഈ നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമെന്ന് എനിക്കുറപ്പില്ലാത്തതുകൊണ്ട് മന്ത്രി ഇവിടെ ഉള്ളപ്പോൾ പറയുകയാണ്. മലയോര ഹൈവേക്കായി അഞ്ച് സെന്റുള്ളവരും അതിൽ കുറവുള്ളവരുമടക്കം എല്ലാവരും ഭൂമി വിട്ടുതന്നു. ലൈഫ് പദ്ധതിയിൽ വീട് കിട്ടിയവർവരെ തന്നു. ഈ ഇരിക്കുന്ന മന്ത്രിയും വകുപ്പും ഉദ്യോഗസ്ഥൻമാരും ഒരിഞ്ച് വിട്ടുതന്നില്ല. മന്ത്രി പലതവണ ഇടപെട്ടിട്ടും എന്ത് കാര്യമുണ്ടായി. എന്റെ ഉത്തരവാദിത്വത്തിലാണ് ഇതൊക്കെ നടക്കുന്നതെങ്കിൽ ഡിസ്മിസ് ചെയ്ത് പോയി പണി നോക്കാൻ പറയും. ജനകീയമായ ഇടപെടൽ ഈ വകുപ്പിലില്ല”- അന്‍വര്‍ പറഞ്ഞു
ജനങ്ങളും ജനപ്രതിനിധികളും ജനാധിപത്യത്തിൽനിന്ന് മാറിനിന്നാൽ ഉണ്ടാകുന്ന അപകടം കേരളത്തിന്റെ എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല. എവിടേക്കാണ് കേരളത്തെ ഇവർ കൊണ്ടുപോകുന്നതെന്നും അൻവർ ചോദിച്ചു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അംഗങ്ങൾ വിഷയങ്ങൾ ഉയർത്തുമ്പോൾ അതിന് മറുപടി പറയാൻ മന്ത്രി ബാധ്യസ്ഥനാണ്. ഞാൻ വനംവന്യജീവി വകുപ്പ് മന്ത്രിയാണ് എന്നാണ് അതിന് മന്ത്രി മറുപടി നൽകിയത്. വനംമുള്ളിടത്തൊക്കെ ഒരു മനുഷ്യ മന്ത്രികൂടി ഉണ്ടാകേണ്ടത് അത്യാവശ്യമായി വരികയാണ്. ശേഷിക്കുന്ന ഒന്നര വർഷം മന്ത്രി ശശീന്ദ്രൻ വന്യജീവി വകുപ്പ് തത്കാലം മാറ്റിവച്ച് ഒന്നര വർഷം മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിക്കണമെന്നും അൻവർ പരിഹസിച്ചു.
ആവാസ വ്യവസ്ഥയും, പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം പക്ഷെ മനുഷ്യരും കൂടെ വേണം. ഓസ്ട്രലിയയിൽ കംഗാരുക്കളെ കൊല്ലാൻ തോക്ക് നൽകി ലോക രാജ്യങ്ങൾ വരെ കാലത്തിന് അനുസരിച്ച് പല നിയമങ്ങളും പരിഷ്കരിച്ചു കഴിഞ്ഞെന്നും പിവി അൻവർ പറഞ്ഞു. വേദിയിലുള്ള കടുത്ത വാക് പ്രയോഗങ്ങൾക്ക് പിന്നാലെ പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ എംഎൽഎ വനംവകുപ്പ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് പിവി അൻവര്‍ ചൂടായത്.
“പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന എംഎൽഎ ബോർഡ് വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്. വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്ക് എത്തുന്നിടത്തെല്ലാം എംഎൽഎ ഇനി വാഹനം തലയിൽ ചുമന്നുകൊണ്ട് നടക്കണം എന്നാണോ? ഉദ്യോഗസ്ഥൻ പ്രമാണിത്തം കയ്യിൽ വച്ചാൽ മതി”- രോഷാകുലനായി പിവി അൻവര്‍ പറഞ്ഞു.