മലപ്പുറം: തൻ്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി വി അൻവർ എംഎൽഎ. എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതാണ്.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ കഴിഞ്ഞില്ല. ശശിക്കെതിരെയും അജിത് കുമാറിനെതിരെയും പരാതികൾ ഉന്നയിച്ച ഘട്ടത്തിൽ തന്നെ പൊതുപ്രസ്താവനകൾ അവസാനിപ്പിക്കണം എന്ന് അന്ന് പാർട്ടി പറഞ്ഞതാണ്. അതിനു ശേഷം മുഖ്യമന്ത്രി പി ശശിയേയും, അജിത്കുമാറിനെയും ന്യായീകരിച്ചു. അജിത് കുമാറിനെ തൊടാൻ പിണറായി വിജയന് സാധിക്കില്ല.

അജിത് കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂവെന്നും പിവി അൻവർ പറഞ്ഞു. ആർഎസ്എസിൻ്റെ കരാള ഹസ്തങ്ങളിൽ കേരളത്തിന്റെ അഭ്യന്തര വകുപ്പ് ഒതുങ്ങി. ആർഎസ്എസ് നേതാക്കൾ പറയാൻ മടിക്കുന്നത് ഇവിടെ സിപിഐഎം നേതാക്കൾ പറയുന്നു. അജിത് കുമാർ വിഷയത്തിൽ ഉൾപ്പടെ കെടി ജലീൽ കൊറേ വീമ്പ് ഇറക്കിയിരുന്നു. എവിടെ പോയി കെടി ജലീലെന്ന് ചോദിച്ച അൻവർ ഇത്ര സംഭവങ്ങൾ ഉണ്ടായിട്ടും ജലീലിന് മറുപടി ഇല്ലെന്നും ആരോപിച്ചു. വിജയരാഘവന്റെ പ്രസ്താവനയിൽ കെ ടി ജലീലിനും, വി അബ്ദുറഹ്മാനും, പിടിഎ റഹീമും ഒന്നും മിണ്ടുന്നില്ല. പറഞ്ഞത് ശരിയായില്ല എന്ന് പറയാൻ പോലും ഇവർ തയ്യാറായില്ല.

