Kerala
‘പരസ്യ പ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണ്’; പാര്‍ട്ടിക്ക് വഴങ്ങി പി വി അന്‍വര്‍
മലപ്പുറം: പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അന്‍വറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം.
താന്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിനില്‍ക്കുന്നവര്‍ക്ക് നിരാശയേ വഴിയുള്ളൂ. ഈ പാര്‍ട്ടിയും ആളും വേറെയാണ്. താന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം തനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും അന്‍വര്‍ പറഞ്ഞു.
ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് സി പി ഐ എം. ഈ പാര്‍ട്ടിയോട് തനിക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്. തന്റെ പരാതി പാര്‍ട്ടി വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും ചില പുഴുക്കുത്തുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പുണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.