Politics
എഡിഎമ്മിനെ അപമാനിച്ചതിന് പിന്നില്‍ പി ശശിയുടെ ഗൂഢാലോചന; ദിവ്യയുടെ ഭര്‍ത്താവ് ബിനാമി; പിവി അൻവർ
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അപമാനിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഗൂഢാലോചനയെന്ന് പിവി അന്‍വര്‍.
സംസ്ഥാനം മുഴുവന്‍ ബിനാമികള്‍ വഴി ശശി പെട്രോള്‍ പമ്പുകള്‍ നടത്തുന്നുണ്ട്. നവീനെ അപമാനിച്ച പിപി ദിവ്യയുടെ ഭര്‍ത്താവും ശശിയുടെ ബിനാമിയാണ്. ഈ സംഘമാണ് ചെങ്ങളയിലെ പമ്പും തുടങ്ങാന്‍ ശ്രമിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ നവീന് കടുത്ത സമ്മര്‍ദ്ദമാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെയാണ് സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെടാന്‍ നവീന്‍ ശ്രമിച്ചതിന് പിന്നിലെന്നും അന്‍വര്‍ ആരോപിച്ചു.
തങ്ങളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥനെ അപമാനിക്കാന്‍ ശശി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പിപി ദിവ്യ വിളിക്കാത്ത ചടങ്ങിലെത്തി നടപ്പാക്കിയത്. ഇപ്പോള്‍ അഴിമതി സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇതിനായി ശശിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വ്യാജരേഖകള്‍ നിര്‍മ്മിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു.