Politics

മലപ്പുറം വിവാദത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് മുഹമ്മദ്‌ റിയാസ്; മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രീയ അജണ്ട

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖം പി.വി.അന്‍വര്‍ ആയുധമാക്കിയിരിക്കെ പ്രതിരോധത്തിന് മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്തിറങ്ങി. വിവാദത്തില്‍ രാഷ്ട്രീയ പ്രസ്താവനയാണ് റിയാസ് നടത്തിയത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നതൊന്നും മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി എന്ത് പറഞ്ഞുവെന്നത് അദ്ദേഹം തന്നെ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാക്കുന്നത് പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

“മലപ്പുറം അജണ്ട കഴിഞ്ഞ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നിലുള്ളത് കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ്. യുഡിഎഫിന്റെ സ്ലീപ്പിംഗ് പാര്‍ട്ണര്‍ ആണ് ജമാഅത്തെ ഇസ്ലാമി. പ്രചാരണത്തിന് പിന്നിലും ജമാഅത്തെ ഇസ്ലാമിയാണ്.”

“ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയെ ബിജെപിയോട് താത്പര്യമുള്ള ആളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി വിരുദ്ധര്‍ക്ക് മുഖ്യമന്ത്രിയെ വിശ്വാസമാണ്. ആര്‍എസ്എസ് തലയ്ക്ക് വിലയിട്ട ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. യുഡിഎഫിനു അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രചാരണം. ഇനി അധികാരത്തില്‍ എത്താതെ യുഡിഎഫിനു മുന്നോട്ട് പോകാന്‍ കഴിയില്ല. അതിന്റെ ഭാഗമായുള്ള നിലപാടാണ് യുഡിഎഫിന്റേത്.” – മുഹമ്മദ് റിയാസ് പറഞ്ഞു.

സ്വർണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമർശമാണ് വിവാദമായത്. മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രസ്താവനയ്ക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top