ചെന്നൈയിലെത്തി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാക്കളെ കാണുന്നതിന് പകരം ആർഎസ്എസ് നേതാക്കളെ കാണണമായിരുന്നോ എന്ന ചോദ്യമുയർത്തി നിലപാട് പ്രഖ്യാപന യോഗത്തിൽ പിവി അൻവർ. ആർഎസ്എസ് കേന്ദ്രത്തിലേക്കാണ് പോയതെങ്കിൽ ചിലര്‍ എല്ലാ പിന്തുണയും നൽകുമായിരുന്നു എന്ന് നിലമ്പൂർ എംഎൽഎ സിപിഎമ്മിനെയും സർക്കാരിനെയും പരിഹസിച്ചു.
ഇന്ത്യയിൽ ബിജെപിക്കെതിരെ പോരാട്ടം നയിക്കുന്ന ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാർട്ടിയായ ഡിഎംകെ നേതാക്കളെ കാണാനാണ് പോയതെന്നും അൻവർ ചൂണ്ടിക്കാട്ടി. തൃശൂർ പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് നൽകിയ സംസ്ഥാനമാണ് കേരളം. തമിഴ്നാട്ടിൽ ഒറ്റ സീറ്റ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയില്ലെന്നും മുൻ ഇടതു സഹയാത്രികൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരിൽ ഒരാൾ ഇന്ന് ചെന്നൈയിൽ പോയിരിക്കുകയാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെക്കണ്ട് തനിക്കെതിരെ പ്രസ്താവനയിറക്കുകയാണ് ഉദ്ദേശമെന്നും അൻവർ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാം എന്ന് സിപിഎം ഉറപ്പു നൽകി. അത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് ധാരണയിലെത്തിയെന്നും അൻവർ ആരോപിച്ചു.
ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയപ്രഖ്യാപനവും ഇന്ന് മഞ്ചേരിയിൽ അൻവർ നടത്തി. മലബാറിൽ മറ്റൊരു ജില്ലയടക്കം രൂപീകരിക്കണമെന്ന ആവശ്യമടക്കം ഉയർത്തിയായിരുന്നു നയപ്രഖ്യാപനം. കോഴിക്കോട് ജില്ലയേയും, മലപ്പുറം ജില്ലയെയും വിഭജിച്ച് അത് നടപ്പാക്കണമെന്ന് ആവശ്യം.
വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടവും സംസ്ഥാനത്തിൻ്റെ സമഗ്ര വികസനവുമാണ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി അവ സംരക്ഷിച്ചു മുന്നോട്ടു പോകുമെന്നാണ് പിവി അൻവർ പ്രഖ്യാപിച്ച ഡിഎംകെ കൂട്ടായ്മയുടെ നിലപാട് എന്ന് അടിവരയിടുന്നത് ആയിരുന്നു നയരേഖ.