പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും മുള്‍മുനയിലാണ്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സഭയില്‍ ഇത് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സിപിഎം പാർലമെന്ററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് നൽകും.
കത്തിന്‍റെ അടിസ്ഥാനത്തിൽ സിപിഎം ബ്ലോക്കിൽ നിന്ന് അൻവറുടെ സീറ്റ് മാറ്റും. അൻവറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കും. ഇപ്പോള്‍ പ്രതിപക്ഷം ആയിരിക്കെ പ്രതിപക്ഷ നിരയോട് അടുപ്പിച്ചായിരിക്കും അന്‍വറിന് സീറ്റ് നല്‍കുക.
പ്രതിപക്ഷവും ആയുധമാക്കുക അന്‍വറിന്റെ ആരോപണങ്ങള്‍ തന്നെയാകും. വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം പ്രതിപക്ഷവും ആയുധമാക്കും. പിആർ ബന്ധം, പി.ശശിക്കും ആഭ്യന്തരവകുപ്പിനും എതിരെയുള്ള ആരോപണങ്ങള്‍, തൃശൂര്‍ പൂരം വിവാദം എല്ലാം സഭയിലും പ്രതിഫലിക്കും. മുഖ്യമന്ത്രിക്കാകും ഈ വിഷയങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരുക. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് സഭാ സമ്മേളനം.