India

അന്നയെ അപമാനിച്ചിട്ടില്ല, സംസാരിച്ചത് ആത്മശക്തി വളർത്തേണ്ടതിനെക്കുറിച്ച്; വിശദീകരിച്ച് നിർമ്മല സീതാരാമൻ

Posted on

തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ പ്രതികരണത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മരിച്ച പെൺകുട്ടിയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് പ്രതികരിച്ച ധനമന്ത്രി വിദ്യാർത്ഥികൾ ആത്മശക്തി വളർത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചതെന്നും വ്യക്തമാക്കി. കുട്ടികളെ പിന്തുണയ്ക്കുന്നതിൽ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് ശ്രമിച്ചത്. പ്രഭാഷണം നടത്തിയ സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്കായി ധ്യാനകേന്ദ്രം സ്ഥാപിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു തന്റെ പരാമർശമെന്നും അവർ പറഞ്ഞു.

തൊഴിൽ ചൂഷണം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിയുടെ വിമർശനത്തിനു മറുപടിയായി എക്സിലായിരുന്നു പ്രതികരണം. അന്നയുടെ മരണത്തിൽ നിർമ്മല സീതാരാമൻ നടത്തിയ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമായിരുന്നു. സമ്മർദ്ദം ഇല്ലാതെയാക്കാൻ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മർദ്ദങ്ങളെ മറികടക്കാൻ കുട്ടികൾക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം. ചെന്നൈയിലെ സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിലായിരുന്നു നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂലൈ 20നാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇവൈ കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തിൽ അമ്മ അനിത സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version