Kerala

അമിത ജോലിഭാരം: അന്നയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Posted on

ന്യൂഡല്‍ഹി: അമിത ജോലി ഭാരം മൂലം 26കാരിയുടെ ജീവന്‍ നഷ്ടമായെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ചൂഷണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്നയുടെ മരണ കാരണം സംബന്ധിച്ച് പരിശോധിക്കുമെന്നും കേന്ദ്രതൊഴില്‍ മന്ത്രി ശോഭാ കരന്തലജെ അറിയിച്ചു.

കൊച്ചി കളമശ്ശേരി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യനാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. മകളുടെ മരണം അമിത ജോലിഭാരം മൂലമാണെന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് അന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ പൂനെ ഓഫീസില്‍ ജോലിക്ക് പ്രവേശിച്ചത്. അമിത ജോലി ഭാരമുണ്ടായിരുന്നിട്ടും അന്ന ഒരിക്കലും മാനേജ്മെന്റിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അമ്മ കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച തുറന്ന കത്തില്‍ പറഞ്ഞിരുന്നു. അവള്‍ എല്ലാം സഹിച്ചു. ഇനി ഒരു കുടുംബത്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് കത്തെഴുതുന്നതെന്നും അമ്മ പറഞ്ഞു.

കൊച്ചി സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു അന്നയുടെ കോളേജ് വിദ്യാഭ്യാസം. തുടര്‍ന്ന് സിഎ പരീക്ഷ പാസായി. ഇതിന് ശേഷമാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അന്ന ജോലിക്ക് പ്രവേശിച്ചത്. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അന്ന വളരെയധികം സന്തോഷവതിയായിരുന്നുവെന്ന് അമ്മ പറയുന്നു. എന്നാല്‍ ജൂലൈ 20 ന് അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം അസ്തമിച്ചുവെന്നും അമ്മ പറഞ്ഞു. അന്നയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇവൈ കമ്പനിയില്‍ നിന്ന് ആരും വന്നില്ലെന്നും കമ്പനി അധികൃതര്‍ക്ക് താന്‍ അയച്ച കത്തിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അന്നയുടെ അമ്മ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version