Kerala

അങ്കമാലി അര്‍ബന്‍ ബാങ്കില്‍ കോണ്‍ഗ്രസുകാരുടെ തീവെട്ടിക്കൊള്ള

കോണ്‍ഗ്രസുകാരുടെ കരുവന്നൂരാണ് അങ്കമാലി അര്‍ബന്‍ സഹകരണ സംഘം. സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന് സമാനമാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ നടന്നത്. സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഈ സംഘത്തില്‍ നടന്ന ക്രമക്കേടുകളുടെ പേരില്‍ സംഘം നടത്തിപ്പുകാര്‍ക്കെതിരെ സഹകരണ വകുപ്പ് 121 കോടിയുടെ പിഴ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സഹകരണ സംഘത്തിന് 121 കോടി രൂപ പിഴയിട്ട വാര്‍ത്ത ഒട്ടുമിക്ക മാധ്യമങ്ങളും മുക്കി, ചിലര്‍ അപ്രധാന പേജുകളില്‍ ഒരു കോളം വാര്‍ത്തയിലൊതുക്കി. സിപിഎം ബാങ്കുകളിലെ തട്ടിപ്പ് ആഘോഷമാക്കിയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടികാട്ടി സിപിഎം സൈബർ സംഘങ്ങള്‍ പ്രചരണം നടത്തുന്നുണ്ട്.

അങ്കമാലി സംഘത്തിലെ വായ്പത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും 121 കോടിയോളം രൂപ പിഴ അടക്കണമെന്നാണ് സഹകരണവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സഹകരണചട്ടങ്ങള്‍ക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയത്. ക്രമ വിരുദ്ധമായ വായ്പകളും തിരിമറിയും നടത്തിയതിന് ഇതുവരെ അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും രണ്ട് ജീവനക്കാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജയിലാക്കി. രണ്ട് ജീവനക്കാര്‍ സസ്പെന്‍ഷനിലാണ്. ആകെ 126 കോടിയിയുടെ വായ്പ ഇടപാടില്‍ 96 കോടിയുടെ തട്ടിപ്പാണ് സംഘത്തില്‍ നടന്നിട്ടുള്ളത്. ഇതില്‍ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.

അന്തരിച്ച സംഘം പ്രസിഡന്റ് പി ടി പോള്‍– 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി വി പൗലോസ്- -7.31, കെ ജി രാജപ്പന്‍നായര്‍– 7.35, ജോര്‍ജ്- -7.75, പി സി ടോമി- -7.35, വി ഡി ടോമി വടക്കുഞ്ചേരി– 7.35 കോടി, ടി വി ബെന്നി- -69.44 ലക്ഷം, എസ് വൈശാഖ്- -5.10 കോടി, സെബാസ്റ്റ്യന്‍ മാടന്‍– 5.12, മാര്‍ട്ടിന്‍ ജോസഫ്– 5.16, എല്‍സി വര്‍ഗീസ്– 2.59, ലക്‌സി ജോയി– 7.31, മേരി ആന്റണി– 6.98, കെ എ പൗലോസ്– 2.15, കെ ജെ പോള്‍- -1.05 കോടി, അന്തരിച്ച ഭരണസമിതി അംഗങ്ങളായ കെ ഐ ജോര്‍ജ് കൂട്ടുങ്ങല്‍– 2.07 കോടി, എം ആര്‍ സുദര്‍ശന്‍– 31.67 ലക്ഷം എന്നിങ്ങനെ പിഴ അടക്കണം.

അങ്കമാലി, കാലടി എന്നിവടങ്ങളിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിലും ആധാരത്തിന്റെ പകര്‍പ്പിലും വ്യാജ രേഖകള്‍ ഹാജരാക്കി വായ്പ തട്ടിയെന്നാണ് കേസ്. സഹകരണ വകുപ്പ് കഴിഞ്ഞ മാസം ഭരണസമിതി പിരിച്ച് വിട്ടതോടെ അഡ്മിനിസ്‌ടേറ്റര്‍ ഭരണത്തിലാണ് ബാങ്ക്. ഭരണസമിതി പ്രസി ഡന്റായിരുന്ന പരേതനായ പി ടി പോളും മറ്റ് ഭരണസമിതി അംഗങ്ങളും സംഘത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതും അനധികൃതവായ്പകള്‍ വാരിക്കോരി അനുവദിച്ചതും ഉള്‍പെടെയുള്ള തട്ടിപ്പുകള്‍ പുറത്തുവന്നിട്ടും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തട്ടിപ്പുകാ ര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് അദ്ദേഹം ഇത് വരെ പ്രതികരിച്ചിട്ടില്ല. അങ്കമാലി അര്‍ബന്‍ സംഘത്തില്‍ 2008 മുതലാണ് തട്ടിപ്പ് വ്യാപകമായി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top