തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘർഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്ര നിയമങ്ങൾ മറികടക്കാമെന്ന് സർക്കാർ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ വന്യജീവികളെ വെടിവെക്കുന്നതിനുള്ള ഉത്തരവ് ഇറക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും ഇനി അധികാരം ഉണ്ടാകും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ഉടൻ യോഗം ചേരും.
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണെന്നാണ് സർക്കാർ വാദം. ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മനുഷ്യ-വന്യജീവി സംഘർഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സവിശേഷമായ അധികാരത്തെ വന്യജീവി സംഘർഷങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് സർക്കാർ കരുതുന്നു. ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഏത് നിയമത്തിന് മുകളിലും ഉത്തരവിടാനാകും.