Kerala

മമ്മൂട്ടിയും മോഹന്‍ലാലും എത്തി, പരിശീലനവും പൂര്‍ത്തിയായി; ഖത്തറിലെ ‘അമ്മ’യുടെ ഷോ അവസാന നിമിഷം റദ്ദാക്കി

സിനിമാ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയാണ് അവസാന നിമിഷം റദ്ദാക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള വന്‍താരങ്ങള്‍ ഷോയില്‍ പങ്കെടുക്കാനായി ഖത്തറില്‍ എത്തിയിരുന്നു.

വൈകിട്ട് 6.30നു ഷോ നടക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് റദ്ദാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഇവന്റ് മാനേജ്മെന്റ് കമ്പനി അറിയിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാൻ കാരണമായതെന്നാണ് നയന്‍വണ്‍ ഇവന്റ്‌സ് പറഞ്ഞത്. ഷോയ്ക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള നടപടികളും ആരംഭിച്ചു.

ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ചാണ് താരങ്ങള്‍ ഖത്തറില്‍ എത്തിയത്. വിദേശയാത്രയിലായിരുന്ന മമ്മൂട്ടി ഏഴിനു രാവിലെയാണ് ഖത്തറിലെത്തി. എമ്പുരാന്‍റെ ഷൂട്ടിങ്ങിനായി അമേരിക്കയിലായിരുന്നു മോഹന്‍ലാല്‍. ഗായിക റിമി ടോമിക്കൊപ്പം പാട്ട് പ്രാക്റ്റീസ് ചെയ്യുന്ന മോഹന്‍ലാലിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങളാണ് ഖത്തറില്‍ മുന്‍കൂട്ടിയെത്തിയിരുന്നത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. ഇതു രണ്ടാം തവണയാണ് ഷോ നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ നവംബർ 17നായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. പലസ്തീൻ–ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഗവൺമെന്റ് ഷോ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയിലാണ് മാര്‍ച്ച് ഏഴിലേക്ക് മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top