Kerala
നിങ്ങളുടെ മൗനം ഭീരുത്വം, നിലപാടുകൾ വ്യക്തമാക്കൂ, മനുഷ്യനാകൂ; മോഹൻലാലിനോട് ശോഭ ഡേ
ഹേമ കമ്മിറ്റി റിപ്പോർട്ടിലും പിന്നാലെ വന്ന വിവാദങ്ങളിലും പ്രതികരിക്കാതെ മൗനം തുടരുന്ന നടൻ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ശോഭ ഡേ. നിലപാട് വ്യക്തമാക്കാതെ ‘എഎംഎംഎ’ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ മോഹൻലാലിന്റെ നടപടിയെ ഭീരുത്വമെന്നാണ് ശോഭ ഡേ വിമർശിച്ചത്. ഒരു ദേശീയ മാധ്യമത്തിനോടായിരുന്നു ശോഭ ഡേയുടെ പ്രതികരണം. നിലപാടുകൾ വ്യക്തമാക്കി മനുഷ്യനാകൂവെന്നും പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പം നിൽക്കാൻ കൂടെയുള്ളവരോട് ആവശ്യപ്പെടണമെന്നും ശോഭാ ഡേ പറഞ്ഞു.
‘പ്രതികരിച്ച സ്ത്രീകൾക്ക് സിനിമകൾ നഷ്ടപ്പെട്ടു. മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം പിന്നിൽ പതിനഞ്ചോ ഇരുപതോ പുരുഷൻമാരുടെ സംഘമാണ്. വിവാദങ്ങളിൽ എന്താണ് നിലപാടെന്ന് മോഹൻലാൽ വ്യക്തമാക്കണമായിരുന്നു. താന്‍ ഏത് പക്ഷത്താണെന്ന് പറയുകയോ അതിജീവിതർക്ക് നീതി നേടി കൊടുക്കാനോ തയ്യാറാകാതെ ‘അമ്മ’ നേതൃത്വത്തിൽ നിന്ന് അദ്ദേഹം രാജി വെച്ചത് അംഗീകരിക്കാനാകില്ല. നിലപാടുകൾ വ്യക്തമാക്കൂ, മനുഷ്യനാകൂ, പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പം നിൽക്കാൻ നിങ്ങളുടെ കൂടെയുള്ളവരോടും ആവശ്യപ്പെടൂ’, ശോഭാ ഡേ പറഞ്ഞു.
എല്ലാം അറിഞ്ഞിട്ടും ശരിയായ സമയത്ത് ശരിയായ നടപടികൾ സ്വീകരിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്തില്ലെന്നും അവർ ആരോപിച്ചു. ഇതിനെല്ലാം എതിരെ ബോളിവുഡിൽ നിന്ന് ഒരു ശബ്‌ദവും വന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും ശോഭ ഡേ പറഞ്ഞു. ഇതൊക്കെ കണ്ടിട്ടും ഒരക്ഷരം സംസാരിക്കുന്നത് ഉചിതമെന്ന് ഒരു നടനും തോന്നിയില്ലെന്നും അവർ ആരോപിച്ചു.