Politics

അമിത് ഷാ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു; മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ്. ദുരന്തസാധ്യതയെ പറ്റിയുള്ള കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് കേരളം അവഗിച്ചെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി ജയറാം രമേശാണ് നോട്ടീസ് നൽകിയത്.

എഴു ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടികൾ സ്വീകരിച്ചില്ലെന്നായിരുന്നു മന്ത്രി സഭയെ അറിയിച്ചത്. ഇത് തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ് എന്ന് ജയറാം രമേശ് പറഞ്ഞു.

അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത് മഴമുന്നറിയിപ്പ് മാത്രമാണെന്നും റെഡ് അലർട്ട് നൽകിയത് ദുരന്തമുണ്ടായ ദിവസം രാവിലെ ആറ് മണിക്കാണെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ വിശദീകരണം ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി ) മേധാവി മൃത്യുഞ്ജയ് മൊഹപത്ര നടത്തിയ വെളിപ്പെടുത്തൽ. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുകൾ മാത്രമാണ് ജൂലൈ 18നും 25നുമിടയിൽ കേരളത്തിന് പലതവണ നൽകിയത് എന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണത്തെ തള്ളി ഐഎംഡി മേധാവി പറഞ്ഞത്.

വയനാട്ടിലടക്കം കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജൂലൈ 23ന് തന്നെ ആദ്യ മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയും അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഒന്നും ചെയ്തില്ല. കേന്ദ്രം നിര്‍ദേശിച്ച തരത്തിലുളള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങളില്‍ വലിയ വീഴ്ചയാണ് ഉണ്ടായതെന്നുമായിരുന്നു അമിത്ഷായുടെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top