അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ രാഹുൽ ബാബ കള്ളം പറയുന്ന യന്ത്രമാണെന്ന് അമിത് ഷാ ആരോപിച്ചു. ഹരിയാനയിലെ ബാദ്ഷാപൂരിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
”സൈന്യത്തെ എപ്പോഴും ചെറുപ്പമാക്കി നിലനിർത്താനാണ് അഗ്നിവീർ പദ്ധതി കൊണ്ടുവന്നത്. നിങ്ങളുടെ മക്കളെ സൈന്യത്തിലേക്ക് അയയ്ക്കുന്നതിന് മടി കാട്ടരുത്. ഓരോ അഗ്നിവീരനും പെൻഷനോടുകൂടിയ ജോലി ലഭിക്കും. 5 വർഷം കഴിഞ്ഞാൽ പെൻഷനോടുകൂടിയ ജോലിയില്ലാതെ അഗ്നിവീരനുണ്ടാകില്ല. അതിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല,” ഷാ പറഞ്ഞു.
അഗ്‌നിവീർ പദ്ധതിയെ രാഹുൽ ഗാന്ധി എതിർത്തിരുന്നു. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ അത് റദ്ദാക്കുമെന്നും ഈ വർഷമാദ്യം പറഞ്ഞിരുന്നു. ”പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിയിലൂടെ ഇന്ത്യയിലെ ജവാന്മാരെ വെറും തൊഴിലാളികളാക്കി. സൈന്യം ഈ പദ്ധതിയെ അംഗീകരിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സൃഷ്ടിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ എത്തിയാൽ ഈ പദ്ധതി ഉപേക്ഷിക്കും, ”ഈ വർഷമാദ്യം ചാർഖി ദാദ്രിയിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.