തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സംബന്ധിച്ച് കേരളത്തിനെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന്, സംസ്ഥാനത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏജന്‍സികള്‍ പ്രതിരോധത്തില്‍. കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ), സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ (സിഡബ്ല്യുസി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് വിഷമസന്ധിയിലായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണോ മന്ത്രി അമിത് ഷാ പരാമര്‍ശിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.