Entertainment
ആമിർ ഖാന്റെ മകൾ വിവാഹിതയായി; വരനെത്തിയത് ജോഗിങ് വേഷത്തിൽ

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സിനിമ ലോകം ആഘോഷമാക്കിയിരിക്കുന്നത്. ഫിറ്റ്നസ് ട്രെയ്നറും ഇറയുടെ സുഹൃത്തുമായ നുപൂർ ശിഖരെയാണ് വരൻ. വളരെ രസകരമായാണ് നുപൂർ വിവാഹ വേദിയിൽ എത്തിയത്. കുതിരപ്പുറത്തേറി വിവാഹ വസ്ത്രത്തിൽ പാട്ടും ആരവങ്ങളുമായി വരനെ കാത്ത് നിന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അംബരപ്പിച്ചുകൊണ്ട് അത്‍ലെറ്റിക് ഔട്ട്ഫിറ്റിൽ ജോഗ് ചെയ്താണ് വരൻ വിവാഹ വേദിയിലെത്തിച്ചേർന്നത്.
മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ആമിറിന്റെ ആദ്യ പങ്കാളിയായ റീന ദത്തയുടെയും രണ്ടാം പങ്കാളിയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു. ഇറയുടെ വിവാഹ വേഷവും വ്യത്യസ്തമായിരുന്നു. ലെഹങ്ക ബ്ലൗസിനും ഡുപ്പട്ടയ്ക്കുമൊപ്പം പട്യാല പൈജാമയാണ് ഇറ ധരിച്ചത്. വിവാഹ വേദിയിലെത്തിയ ശേഷം നുപൂർ കുർത്തിയും ധരിച്ചിരുന്നു.