എറണാകുളം: എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ മുൻ എസ് ഐ അടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. പോലീസ് ഹാർഡ് ഡിസ്കിൽ നിന്നും ദൃശ്യങ്ങൾ ചോർത്തിയത് മുൻ എസ്ഐ ആണെന്നാണ് പ്രാഥമിക നിഗമനം.
എഡിജിപിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. വിഡിയോ ദൃശ്യങ്ങൾ ചോർന്നതിൽ പരാതി നൽകിയെന്ന് എസ്ഐ റെജി ട്വന്റിഫോറിനോട് പ്രതികരിച്ചു. എസ്ഐ പിപി റെജി സ്റ്റേഷനിലെത്തിയ പ്രതിയെ കുനിച്ചു നിർത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 2023 ജനുവരിയിൽ അമ്പലമേട് പൊലീസ് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഭാര്യയേയും മക്കളേയും മർദിക്കുന്നെന്ന പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്കാണ് മർദനമേറ്റത്. സ്റ്റേഷൻ ഹാർഡ് ഡിസ്കിൽ ആറ് മാസം വരെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കാറുള്ളത് എന്നിരിക്കെ ഒരു വർഷത്തിനു ശേഷം ദൃശ്യങ്ങൾ എങ്ങനെ പുറത്ത് വന്നെന്ന ചോദ്യമാണ് ഉയരുന്നത്.