കൊച്ചി: ആലുവയിൽ യൂബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. ഓട്ടോയ്ക്ക് ഓട്ടം കുറയുന്നെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് യൂബർ ടാക്സി ഡ്രൈവറെ ഓട്ടോക്കാർ മർദിക്കുന്ന വീഡിയോ പുറത്ത് വന്നത്. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും വീഡിയോ പ്രചരിക്കുന്നതല്ലാതെ പരാതികളൊന്നും ഇതുവരെ ലഭിച്ചില്ല.
വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
യൂബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം കുറയാൻ കാരണമാക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.