ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധ സമരത്തിന് എൽഡിഎഫ്. ചികിത്സാ പിഴവുമൂലം രോഗികൾ മരിക്കുന്നത് നിത്യ സംഭവമായതോടെ ഉണ്ടായ പ്രതിരോധം മറികടക്കാനാണ് പ്രതിഷേധ പരിപാടിയുമായി എൽഡിഎഫ് രംഗത്തെത്തിയത്. സർക്കാരിനെതിരെ ആക്ഷേപങ്ങളുമായി കോൺഗ്രസും ബിജെപിയും കളത്തിലിറങ്ങിയതും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എൽഡിഎഫിനെ നിർബന്ധിതമാക്കി.
സംസ്ഥാനത്ത് എട്ട് വർഷമായി ഭരണം നടത്തുന്നത് എൽഡിഎഫ് സർക്കാരാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎ സിപിഐഎം പ്രതിനിധി എച്ച് സലാം, ആശുപത്രിയിലെ എച്ച്ഡിഎസ് അധ്യക്ഷൻ കളക്ടർ. ഈ സാഹചര്യത്തിലാണ് സിപിഐഎമ്മും എൽഡിഎഫും ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സമര രംഗത്തിറങ്ങിയിരിക്കുന്നത്. ചികിത്സ പിഴവ് മൂലം രോഗികൾ മരിക്കുന്നത് സർക്കാരിനും മുന്നണിക്കും ഉണ്ടാക്കിയ പ്രതിസന്ധിയുടെ ആഴം കൂടിയാണ് സമരതീരുമാനത്തിൽ നിന്ന് വ്യക്തമാകുന്നത്.
മൂന്നാഴ്ചയ്ക്കകം ചികിത്സ പിഴവ് മൂലം രണ്ട് പേരാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മരിച്ച ഒരാൾ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ഷിബിനയാണ്. മരിച്ച ഉമൈബയുടെ കുടുംബത്തിലും ഇടതു ബന്ധങ്ങളുണ്ട്. ചികിത്സാ പിഴവ് ഉണ്ടെന്ന ആരോപണം ഉയരുന്നത് പുറത്തു നിന്നല്ല, പാർട്ടി കുടുംബങ്ങളിൽ നിന്നായിരുന്നു. പ്രതിപക്ഷ പാർട്ടികളും പ്രശ്നം ഏറ്റെടുത്തതോടെ സിപിഐഎമ്മും എൽഡിഎഫും അക്ഷാർത്ഥത്തിൽ പ്രതിരോധത്തിലാണ്. ഇതാണ് ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമരത്തിന് ഇറങ്ങാൻ ഇടതുമുന്നണിയെ നിർബന്ധിതമാക്കിയത്