Kerala

സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം; ഭാര്യയുടെ 11 പവൻ സ്വർണാഭരണങ്ങളുമെടുത്ത് മുങ്ങി; പ്രതിയെ പിടികൂടി പോലീസ്

ആലപ്പുഴ: നാടുവിട്ടു പോകാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ കവർന്നു കടന്ന പ്രതിയെ പിടികൂടി പോലീസ്. ആലപ്പുഴ വെണ്‍മണിയിലാണ് ഭർത്താവ് സ്വന്തം വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വര്‍ണവും പണവും കവര്‍ന്നത്. വെണ്‍മണി ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ ബിനോയ് ഭവനത്തില്‍ മിനിയുടെ വീട് കുത്തിത്തുറന്നാണ് വീട്ടില്‍ നിന്നും മാറിത്താമസിച്ചിരുന്ന ഭര്‍ത്താവ് ബെഞ്ചിമിന്‍ (54) സ്വര്‍ണവും പണവും കവര്‍ന്നത്. കിടപ്പുമുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 സ്വര്‍ണമാലകളും ഒരു സ്വര്‍ണമോതിരവും 5 സ്വര്‍ണവളകളും ഉള്‍പ്പെടെ 11 പവന്‍ ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷ്ടിക്കുകയായിരുന്നു.

രണ്ട് വർഷത്തോളമായി വീട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രി ജോലിയ്ക്ക് പോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചയ്ക്ക് ശേഷം പ്രതി തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ പൊലീസ് വിവിധ സംഘങ്ങലായി തിരിഞ്ഞ് അന്വേഷണം തുടരുന്നതിനിടെയാണ് ബെഞ്ചമിൻ പിടിയിലാകുന്നത്.

മോഷണം നടന്ന പരാതി കിട്ടപ്പോൾ തന്നെ ബഞ്ചമിനെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് പന്തളം കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പ്രതി നിൽക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തി ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും തുടര്‍ന്ന് കുറ്റം സമ്മതിക്കുകയുമായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ആന്റണി ബി ജെ, അരുൺകുമാർ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top