Kerala

പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിന്നില്‍ സിപിഎം എന്ന് യുവതി

Posted on

ആലപ്പുഴ പൂച്ചാക്കലില്‍ ദളിത്‌ പെണ്‍കുട്ടിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. പെണ്‍കുട്ടിയുടെ സഹോദരങ്ങളെ മര്‍ദിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടിയേയും സഹോദരിയേയും ചവിട്ടിക്കൂട്ടിയത്. പെണ്‍കുട്ടി തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരായ ഷൈജുവും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് 19കാരിയുടെ പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിയാണ് മൊഴി എടുത്തത്. എസ്സി-എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ആലപ്പുഴ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ ഷൈജുവും സഹോദരനും മര്‍ദിച്ചിരുന്നു. ഈ പ്രശ്നത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി വരുന്ന വഴിയാണ് സഹോദരങ്ങള്‍ക്ക് വീണ്ടും മര്‍ദനമേല്‍ക്കുന്നത് കാണുന്നത്. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് അടി കിട്ടിയത്. പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുടി പിടിച്ച് റോഡില്‍ വീഴ്ത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

സഹോദരങ്ങളെ മര്‍ദിച്ചതിന് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പോലീസ് ആട്ടിയിറക്കി വിട്ടതായി പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. “പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുംവഴി ഇവരുമായി തര്‍ക്കമുണ്ടായി. ഷൈജുവും സഹോദരനും റോഡിലിട്ടു ക്രൂരമായി മര്‍ദിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി. മുടിക്ക് കുത്തിപ്പിടിച്ച് നെഞ്ചിലും അടിവയറ്റിലും ചവിട്ടി. വീഡിയോ ദൃശ്യങ്ങള്‍ വരെ നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല.” – പെണ്‍കുട്ടി പറയുന്നു.

മര്‍ദനത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത് ഇങ്ങനെ: “രണ്ട് ദിവസം മുന്‍പാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കൂട്ടുകാരനെ ഫുട്ബോള്‍ കളിക്കാന്‍ വിളിച്ചതാണ്. ഫോണ്‍ എടുത്തത് കൂട്ടുകാരന്റെ അച്ഛനായ ഷൈജുവാണ്. അദ്ദേഹം തെറിവിളിച്ചു. ഞങ്ങള്‍ തിരിച്ചും പറഞ്ഞു. വൈകീട്ട് മറ്റൊരു കൂട്ടുകാരന്റെ ഫോണില്‍ ഇയാള്‍ വിളിച്ച് തെറി പറഞ്ഞു. ഇതോടെ നേരില്‍ കണ്ട് സംസാരിച്ചതും തര്‍ക്കത്തില്‍ കലാശിച്ചു. മദ്യപിക്കുന്നത്തിനിടയില്‍ ഇറങ്ങി വന്നാണ് എന്നെയും സഹോദരനേയും മര്‍ദിച്ചത്. ഇത് തടയാന്‍ സഹോദരി ഇടപെട്ടതോടെയാണ് ഷൈജുവും സഹോദരനും ക്രൂരമായി മര്‍ദിച്ചത്.”

“പെണ്‍കുട്ടിയുടെയും അവരെ മര്‍ദിച്ചവരുടെയുടെയും പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. അത് മുന്‍പിലുള്ളപ്പോഴാണ് വീണ്ടും മര്‍ദനം നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.” – പൂച്ചാക്കല്‍ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version